കൊല്ലം: പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐയുടെതന്നെ സ്‌കൂട്ടറില്‍.
അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിവീണു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവില്‍വീട്ടില്‍ ജോമോന്‍ (19) ആണ് പിടിയിലായത്.
മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബിന്‍സ്രാജിനോടാണ് ജോമോന്‍ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം-തേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ. യുടെ സ്‌കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് ജോമോന്‍ തിരിച്ചറിഞ്ഞത്.
ഇറങ്ങി ഓടുന്നതിനിടെ ജോമോനെ എസ്.ഐ. പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ എസ്.ഐ.യും അലിന്‍ഡിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.
