ചുംബനത്തിന് 115 രൂപ, ആലിംഗനത്തിന് 11.58 രൂപ, സിനിമ കാണാൻ കൂട്ടുവരാൻ 173 രൂപ; ആവശ്യക്കാര്‍ക്ക് ആശ്വാസമേകാൻ നിരവധി യുവതികള്‍; ട്രെൻഡായി ‘സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്’

ആവശ്യക്കാര്‍ക്ക് സൗഹൃദവും ആശ്വാസവും നല്‍കാന്‍ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പക്ഷേ, ന്യായമായ വില നല്‍കണമെന്ന് മാത്രം. ‘സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്’ എന്നാണ് ഈ പുതിയ സൗഹൃദത്തിന്‍റെ പേര്.

കഴിഞ്ഞ വർഷം ഏപ്രിലിൽ സതേൺ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൗഹൃദത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലാണ് സംഭവം. യുവതികൾ തങ്ങളുടെ സൗഹൃദം വിൽക്കുന്നതിനും ആലിംഗനങ്ങളും ചുംബനങ്ങളും നല്‍കുന്നതിനും തെരുവുകളെ ആശ്രയിക്കുന്നതായി പിന്നാലെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഇതോടെ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ പുതിയ സൗഹൃദത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനിൽ കിയോസ്‌ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“വീട്ടുജോലികളിൽ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകൾ കൂടി കടകൾ സ്ഥാപിച്ചതായും ഒരു യാത്രയിൽ ഒപ്പം ചേര്‍ന്നാല്‍ 100 ​​യുവാൻ (ഏകദേശം 1,200 രൂപ) ലഭിക്കുമെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ, സമൂഹ മാധ്യമങ്ങളില്‍ ഈ തെരുവ് കാമുകിമാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല ഉള്ളത്. സൗഹൃദത്തിന് മൂല്യം കല്പിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആരോപണം. ‘തെരുവ് കാമുകി’ സേവനം നിലവിൽ നിയമത്തിന് പുറത്താണ്.

ഇത് വേശ്യാവൃത്തിയിലേക്കോ മറ്റ് ലൈംഗിക സേവനങ്ങളിലേക്കോ വളരെ വേഗം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് സിചുവാൻ ഹോങ്കി നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഹീ ബോ പറയുന്നു. അതേസമയം സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ‘തെരുവ് കാമുകി’ എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.