അര്‍ജുനായി തിരച്ചില്‍ തുടരുമെന്ന് അറിയിപ്പ്; തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ; ഡ്രഡ്ജിങ് യന്ത്രം തൃശ്ശൂരില്‍ നിന്ന് കൊണ്ടുവരും

ബെംഗളൂരു: ഷിരൂരില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരാൻ തീരുമാനം.

പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിസിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം.
നദി അനുകൂലമായാല്‍ മാത്രം നാളെ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

തെരച്ചില്‍ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാല്‍ രക്ഷാപ്രവർത്തകർക്ക് പുഴയില്‍ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.