10,000ലേറെ പുതിയ പുസ്തകങ്ങളും 500 ലേറെ പുതിയ അംഗങ്ങളും…! വായനാദിനത്തില്‍ ശ്രദ്ധേയമായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി

കോട്ടയം: പുതു തലമുറ വായനയില്‍ നിന്ന് അകലുന്നു എന്ന പ്രചാരണങ്ങള്‍ക്കിടയില്‍ 10,000ലേറെ പുതിയ പുസ്തകങ്ങളും 500 ലേറെ പുതിയ അംഗങ്ങളുമായ് കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറി വായനാദിനത്തില്‍ ശ്രദ്ധേയമായി.

ലോക പൗരനെന്ന് വിശേഷിപ്പിക്കാവുന്ന കെ.പി.എസ് മേനോന്റെ ജന്മഗൃഹമായ
തിരുനക്കര ഗോപിവിലാസം തറവാട് സ്ഥിതിചെയ്തിരുന്നിടത്ത് 1969ല്‍ മൂന്നു നില കെട്ടിടത്തില്‍ പ്രവർത്തനമാരംഭിച്ച കുട്ടികളുടെ ലൈബ്രറി ഈ ജൂണ്‍ മാസത്തില്‍ 55-ാം വർഷത്തിലേക്ക് കടക്കുകയാണ്.
കോട്ടയം പബ്ലിക് ലൈബ്രറിയില്‍ കുട്ടികളുടെ വിഭാഗം പ്രവർത്തനം
ആരംഭിക്കുന്നത് 1965 നവംബർ 14 നാണ്.

1966 അവസാനമായപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു പ്രത്യേക ലൈബ്രറിയുണ്ടാക്കുവാൻ തീരുമാനിച്ചു. അന്നത്തെ
ലൈബ്രറി സെക്രട്ടറി ഡി.സി. കിഴക്കേമുറി ധനസമാഹരണത്തിന് കണ്ടെത്തിയ
നൂതനമാർഗ്ഗമായിരുന്നു ലോട്ടറി നടത്തുക എന്നത്.

ലോട്ടറി നടത്താൻ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതി ലഭിക്കുവാൻ കെ.പി.എസ് മേനോൻ വേണ്ട സഹായങ്ങള്‍ ചെയ്തു. അംബാസിഡർ കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ലോട്ടറിയിലൂടെ നാലരലക്ഷം രൂപയോളമാണ് സമാഹരിച്ചത്. ഈ തുക കൊണ്ടാണ്
കുട്ടികളുടെ ലൈബ്രറിക്കുവേണ്ടി കെ.പി.എസ് മേനോന്റെ ജ•ഗൃഹമായ ഗോപിവിലാസം ബംഗ്ലാവും ഒരേക്കറില്‍പരം സ്ഥലവും വാങ്ങിയത്.

മൂന്നു നില കെട്ടിടത്തിന്റെ പണി രണ്ടാമത് ഒരു ലോട്ടറി കൂടി നടത്തിയാണ് പൂർത്തിയാക്കിയത്. രണ്ടാം പ്രാവശ്യവും നാലുലക്ഷത്തില്‍പരം രൂപാ ലഭിച്ചു.