ഈ ക്ഷേത്രത്തിന്റെ മുന്നൂറ് മീറ്റർ ചുറ്റളവിൽ സഞ്ചരിക്കാനോ വീട് വെക്കാനോ അനുമതിയില്ല, ടിപ്പുവിൻ്റെ പടയോട്ട കാലത്ത് രത്ന കൊടിമരം മുറിച്ച് ആഴത്തിൽ കുഴിച്ചിട്ടത് ഇവിടെ, ഇതാണ് നൂറ്റാണ്ടുകളുടെ പഴമയും പ്രൗഢിയും നിലനിർത്തുന്ന ആയ് രാജവംശം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം. വടക്ക് തിരുവല്ല മുതല്‍ തെക്ക് നാഗർ കോവില്‍ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള ഭൂമി ആയ് രാജാക്കന്മാരുടെ നിയന്ത്രണത്തില്‍ ആയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകള്‍പെറ്റ ആയ് രാജാക്കന്മാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു. കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗല്‍ഭരായ രാജാക്കന്മാർ.

ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങള്‍ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം. കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ ഭരണ കേന്ദ്രം മാറ്റുവാൻ ആയ് രാജാക്കന്മാർ നൈപുണ്യരായിരുന്നു.

ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്. അവർ യാദവ വംശത്തില്‍ പിറന്നവരാണ്. ചെങ്കോട്ടയ്ക്കടുത്ത് പൊതിയില്‍ മലയായിരുന്നു തലസ്ഥാനമെന്ന്‘പുറനാനൂറില്‍’ പറയുന്നു. പത്താം ശതകത്തിൻ്റെ ആരംഭം വരെ ദക്ഷിണ കേരളത്തിലെ അധീശക്തിയായിരുന്നു അവർ. അത് വടക്ക് തിരുവല്ല തൊട്ട് തെക്ക് നാഗർകോവില്‍ വരെ വ്യാപിച്ചിരുന്നു.

ആയ് ആണ്ടിരൻ, തിതിയൻ, അതിയൻ എന്നിവരാണ് സംഘകാലത്തെ പ്രമുഖരായ ആയ്‌ രാജാക്കന്മാർ. പാണ്ഡ്യരാജാവായ മാറഞ്ചടയൻ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായ വിഴിഞ്ഞം പിടിച്ചതായി മദിരാശി മ്യൂസിയം ശാസനങ്ങളില്‍ കാണുന്നു. കരുനന്തടകൻ്റെ കാലത്ത് വിഴിഞ്ഞമായിരുന്നു തലസ്ഥാനം.

പാർത്ഥിവശേഖരപുരത്തെ വിഷ്ണുക്ഷേത്രവും കാന്തളൂർശാലയും അദ്ദേഹമാണ് സ്ഥാപിച്ചത്. വിക്രമാദിത്യവരഗുണന്റെ ഭരണത്തിനുശേഷം ആയ്‌ രാജവംശത്തിന് ഒരു പ്രത്യേക രാജവംശത്തിൻ്റെ പദവി നഷ്‌ടപ്പെടുകയും ആ രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങള്‍ ചേരസാമ്രാജ്യത്തിൻ്റെ വേണാട്ടുവിഭാഗത്തിലാവുകയും ചെയ്തു.

തിരുവനന്തപുരത്തിന് 10 മൈല്‍ വടക്കുള്ള തൃപ്പാപ്പൂർ {തൃപ്പാദപുരം }താമസമാക്കിയിരുന്ന ആയ് വംശശാഖ വേണാട് ഭരിച്ചു കൊണ്ടിരുന്ന കീഴ്പേരൂർ സ്വരൂപത്തില്‍ ലയിക്കുകയായിരുന്നു. ആയ്‌ രാജാക്കന്മാരുടെ ശാസനങ്ങള്‍ അവരുടെ രാജ്യത്തിലെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ സ്ഥിതിഗതികളിലേക്ക്‌ വെളിച്ചം വീശുന്നുണ്ട്‌.

തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി. വിഴിഞ്ഞവും – കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കന്മാർ. വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകള്‍ ആയ് രാജവംശം നല്‍കിയിരുന്നു.

ആയ് രാജവംശത്തിന് കീഴില്‍ ലോക പ്രസിദ്ധി നേടിയ പല സർവ്വകലാശാലകളും സ്ഥാപിച്ചിരുന്നു. അതില്‍ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല – ഇന്നത്തെ കരമന മുതല്‍ നെയ്യാറ്റിൻ കര വരെ ആയിരുന്നു സർവ്വകലാശാലയുടെ സ്ഥാനം. കാന്തള്ളൂരിനെ കൂടാതെ പന്ത്രണ്ടോളം സർവ്വകലാശാലകള്‍ അക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു.

ആ നൂറ്റാണ്ടില്‍ കാന്തള്ളൂർ – പാർത്ഥിവ പുരo സർവ്വകലാശാലകളില്‍ ചട്ടം രഷ്ട്ര മീമാംസ പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാസം – ധനുർ വിദ്യ- സാംഖ്യം – വൈശേഷം തുടങ്ങിയവ മാത്രമല്ല ലോകായതും, നാസ്തിക മത്സരവും പഠിപ്പിച്ചിരുന്നു. വിദ്യാർത്ഥികള്‍ക്ക് ഭക്ഷണവും – വസ്ത്രവും – താമസവും രാജവംശം സൗജന്യമായി നല്‍കിയിരുന്നു.

അക്കാലത്ത് കാന്തള്ളൂർ ദക്ഷിണ നളന്ദ എന്ന പേരില്‍ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. കാന്തള്ളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ ചരിത്ര രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്തള്ളുർ ശാലയായിരുന്നു ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവ്വകലാശാല
മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാന്തള്ളൂർ ശാലയില്‍ ആയുധ പരിശീലനവും പാഠ്യവിഷയമായിരുന്നു.

ആയ് രാജാക്കന്മാരുടെ സൈന്യത്തിലെ മുൻനിര പടയാളികള്‍ കാന്തള്ളൂർ ശാലയില്‍ പരിശീലനം നേടിയവരായിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിലെ വിളവം കോട്ട് താലൂക്കില്‍ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം നിർമ്മിച്ചത് ആയ് രാജാക്കന്മാരില്‍ പ്രഗത്ഭനായ കരുനന്തക്കടൻ ആണെന്നാണ് പൊതു പ്രചാരത്തിലുള്ളത്.

എന്നാല്‍, ഇന്നും ഇതൊരു തർക്ക വിഷയമായി അവശേഷിക്കുകയാണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തോളം അമൂല്യ നിധിയുടെ ശേഖരങ്ങള്‍ ഉണ്ടായിരുന്ന പാർത്ഥിവപുരം ക്ഷേത്രം ഇന്ന് പുരാവസ്തു വകുപ്പിന് കീഴിലാണ്. ടിപ്പുവിൻ്റെ പടയോട്ട കാലത്ത് ആക്രമണം ഭയന്ന് പൂർണ്ണമായും തങ്കങ്ങളും – രത്‌നങ്ങളും കൊണ്ട് നിർമ്മിച്ച അകം പൊള്ളയല്ലാത്ത കൊടിമരം മുറിച്ച്‌ കഷ്ണങ്ങളാക്കി ക്ഷേത്രത്തിന് ചുറ്റും ആഴത്തില്‍ കുഴിച്ചിടുകയാണ് ഉണ്ടായത്.

ഇതോടൊപ്പം തന്നെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന അമൂല്യ രത്നങ്ങളും – സ്വർണ്ണവും തങ്കവും ക്ഷേത്രത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കുഴിച്ചിട്ടിട്ടുണ്ട്. പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൻ്റെ 300 മീറ്റർ ചുറ്റളവില്‍ സഞ്ചരിക്കുന്നതിനോ വീടോ – മറ്റ് നിർമ്മാണ പ്രവർത്തനങ്ങളോ നടത്തുന്നതിനോ ഇന്നും ആർക്കും അനുമതിയില്ല.