കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി).
നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, പങ്കാളിയായ ഷോണ്‍ ആന്റണി എന്നിവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു.
സൗബിൻ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പറവ ഫിലിംസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞയാഴ്‌ച എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്ത ഇഡി സൗബിനും ബാബുവിനും ഷോണിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായില്ലെന്നാണ് വിവരം. ഇവർക്ക് വീണ്ടും നോട്ടീസ് നല്‍കും.
