പ്രായഭേദമന്യേ എല്ലാവർക്കും മുടിയോട് ഒരു പ്രത്യേക ഇഷ്ടമാണ്. കുറച്ചു മുടിയാണ് ഉള്ളതെങ്കിലും അത് നല്ലഭംഗി ഉള്ളതായിരിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.
എന്നാൽ, ഇപ്പോഴുള്ള ഭക്ഷണക്രമവും മറ്റു ജീവിത സാഹചര്യങ്ങളും മുടി കൊഴിച്ചിലിന് ഒരു കാരണമായിരിക്കുകയാണ്. എന്നാൽ, മുടി തഴച്ചു വളരാൻ നമ്മുടെ അടുക്കളയിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മതിയെന്ന കാര്യം ആർക്കെല്ലാം അറിയാം.
മുടികൊഴിച്ചിൽ ഉള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഫലം കാണും. വിറ്റാമിൻ ബി, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകൾ എന്നിവയും അതിലേറെയും പോഷകങ്ങൾ കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്. അരി വെള്ളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തിൽ ഇനോസിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചിൽ തടയുന്നു.
കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയർ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്.
വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ചയ്ക്കും സഹായിക്കുന്നു.
കറിവേപ്പില പേസ്റ്റും അൽപം കഞ്ഞി വെള്ളവും യോജിപ്പിച്ച് തലയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും മുടിയ്ക്ക് ഏറെ ഗുണകരമായ ഹെയർ പായ്ക്കാണ്.
മുടി വളരാൻ ഇതേറെ നല്ലതാണ്. കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
