Site icon Malayalam News Live

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഇന്ന് ഇന്ത്യയുടെ 77ആം റിപ്പബ്ലിക് ദിനം

രാജ്യം ഇന്ന് എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും. ഒരു പരമാധികാര, ജനാധിപത്യ, മതേതര റിപ്പബ്ലിക്കിലേക്കുള്ള രാജ്യത്തിന്‍റെ പരിവർത്തനം അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലിയാണ് ഇന്ത്യൻ ഭരണഘടന തയാറാക്കിയത്. ജനാധിപത്യം നിലനിർത്തുന്നതിലും ദേശീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി നിരന്തരം പരിശ്രമിക്കേണ്ടതിന്‍റെ ഓർമപ്പെടുത്തലാണ് ഈ ദിനം .

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വൊന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ് എന്നിവരാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികള്‍. രാവിലെ 9.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുദ്ധസ്മാരകത്തിലെത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. 10.30ന് പരേഡിന് തുടക്കമാകും. കേരളത്തിന്റേതടക്കം 30 ടാബ്ലോകള്‍ പരേഡില്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയുമാണ് ഇത്തവണത്തെ കേരളത്തിന്റെ ടാബ്ലോ.

അതേസമയം സംസ്ഥാനത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍, എന്‍സിസി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും.

Exit mobile version