Site icon Malayalam News Live

ഹരിപ്പാട് പ്രസവശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് ഒടുവിൽ മനംമാറ്റം; കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ

ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തില്‍ പത്തൊന്‍പതുകാരിയായ അമ്മയ്ക്ക് മനംമാറ്റം. കുഞ്ഞിനെ തനിക്ക് തിരികെ വേണമെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) അധികൃതരോട് ആവശ്യപ്പെട്ടു. സിഡബ്ല്യുസി അധികൃതര്‍ കുഞ്ഞിനെ ഏറ്റെടുക്കാനായി ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ വിട്ടുതരണമെന്ന് യുവതി ആവശ്യപ്പെട്ടത്. പ്രസവിച്ച ആദ്യ ദിനങ്ങളില്‍ കുഞ്ഞിനെ വേണ്ട എന്ന നിലപാടിലായിരുന്നു ഇവര്‍.

കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും തുടര്‍ന്ന് കുട്ടിയെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമായ മണ്ണഞ്ചേരി ശിശുവികാസം ഭവനിലേക്ക് താല്‍ക്കാലിക സംരക്ഷണത്തിനായി മാറ്റിയെന്നും CWC പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരോട് പെണ്‍കുട്ടി ഒട്ടും സഹകരിച്ചിരുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ കൗണ്‍സലിംഗിന് ഒടുവില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും കുഞ്ഞിനെ തിരികെ വേണമെന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു.

താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പെണ്‍കുട്ടി നേരത്തെ ഡിഡബ്ല്യുസിയ്ക്ക് നല്‍കി മൊഴി. ഇവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുകയാണ്. അവിടെവെച്ച് പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അയാളുമായി ബന്ധമില്ല. താന്‍ ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല എന്നാണ് യുവതി പറയുന്നത്. അധികൃതര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം യുവതി പറഞ്ഞത്.

Exit mobile version