Site icon Malayalam News Live

സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട്, അമ്മയുടെ അസുഖം പറഞ്ഞ് പണവും സ്വർണവും തട്ടിയെടുത്ത് ആഡംബര ജീവിതം; 17 കാരൻ പിടിയിൽ

ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ കബളിപ്പിച്ച് പണം തട്ടിയ സംഭത്തിൽ 17കാരനെ പൊലീസ് പിടികൂടി.

ചെന്നൈ തിരു വി ക നഗർ പൊലീസാണ് ഒരു പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്ക് സുഖമില്ലെന്നും ശസ്ത്രക്രിയ നടത്താൻ പണം വേണമെന്നുമായിരുന്നു 17കാരൻ എല്ലാ പെൺകുട്ടികളോടും പറഞ്ഞിരുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് 17കാരൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും ചാറ്റിങ് തുടങ്ങിയ ശേഷം രണ്ട് പേരുടെയും വീടുകളിലെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു. പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം തന്റെ അമ്മയ്ക്ക് സുഖമില്ലെന്നും ശസ്ത്രക്രിയ വേണമെന്നും അതിന് ധാരാളം പണം ആവശ്യമായി വരുമെന്നും 17കാരൻ എപ്പോഴും പെൺകുട്ടിയോട് പറയുമായിരുന്നു. ഇതിനൊടുവിലാണ് പെൺകുട്ടി 75,000 രൂപയും പണയം വെയ്ക്കാനായി തന്റെ ആഭരണങ്ങളും നൽകിയത്. പല തവണയായിട്ടായിരുന്നു ഇത്രയും പണവും ആഭരണങ്ങലും വാങ്ങിയത്.

പിന്നീടും പണം ചോദിക്കാൻ തുടങ്ങിയപ്പോൾ പെൺകുട്ടി സമ്മതിച്ചില്ല. ഇതോടെ അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങി.

പെൺകുട്ടിയുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രധാന ഭീഷണി. സഹികെട്ട് പെൺകുട്ടി ഇക്കാര്യം തന്റെ മാതാപിതാക്കളോട് പറഞ്ഞു. കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.

കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം അംബട്ടൂർ സ്വദേശിയായ 17കാരനെ പിടികൂടി. ഇയാളുടെ മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ മറ്റ് മൂന്ന് പെൺകുട്ടികളുടെ കൂടി ചിത്രങ്ങൾ ഗ്യാലറിയിലുണ്ടായിരുന്നു.

ഇതേപ്പറ്റി അന്വേഷിച്ചപ്പോഴാണ് ഇവരെയും സമാനമായ രീതിയിൽ കബളിപ്പിച്ചതായി സമ്മതിച്ചത്. എല്ലാവരുമായും സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചതാണെന്നും ശേഷം അമ്മയുടെ രോഗം പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുകയാണെന്നും ചോദ്യം ചെയ്യയിൽ വ്യക്തമായി.

കിട്ടിയ പണം കൊണ്ട് ആഡംബര ബൈക്കുകൾ വാങ്ങുകയും ആഡംബര ജീവിതം നയിക്കുകയുമാണ് ചെയ്തിരുന്നത്. 17കാരനെ പൊലീസ് കുട്ടികൾക്കുള്ള കെയർ ഹോമിലേക്ക് മാറ്റി.

Exit mobile version