Site icon Malayalam News Live

നൂറാം വയസില്‍ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ.’ ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു;’ തൻ്റെ മൂന്നു തലമുറയില്‍പ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ  ആദ്യമായി ശബരിമല ചവിട്ടിയത്.

 

ശബരിമല : വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ തൻ്റെ മൂന്നു തലമുറയില്‍പ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. കൊച്ചുമകൻ ഗിരീഷ് കുമാര്‍, കൊച്ചുമകന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ സന്നിധാനത്തെത്തിയത്. അമ്മൂമ്മ എന്തേ ഇത്രനാളും ശബരിമലയില്‍ പോകാൻ വൈകിയത് എന്ന അവന്തികയുടെ ചോദ്യത്തിന് അമ്മയുടെ ഉത്തരം പെട്ടെന്നെത്തി.

നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ ഇപ്പോള്‍ ശബരിമലയിലെത്തി. പൊന്നുംപടിയും പൊന്നമ്ബലവും കണ്ടു. മനസു നിറഞ്ഞു. ഒന്നു മിണ്ടണം. അത്രയേ വേണ്ടൂ. ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേര്‍ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നു പറയുമ്ബോള്‍ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

പാറുക്കുട്ടിയമ്മയുടെ മകളായ ഭാനുമതിയുടെ മകന്‍ ഗിരീഷ് കുമാറിന്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിച്ചുവെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു. 1923-ല്‍ ജനിച്ചെങ്കിലും മലചവിട്ടാനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് ഇപ്പോഴാണ്. മൂന്നാനക്കുഴിയില്‍ നിന്നും ഡിസംബര്‍ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്ബയിലെത്തിയത്. മൂന്നിനു പമ്ബയിലെത്തിയ സംഘം വിശ്രമ ശേഷം നാലിനു രാവിലെയാണ് സന്നിധാനത്തെത്തിയത്.

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അഞ്ചിന് രാവിലെ 11:30 പമ്ബാ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളില്‍ യോഗം ചേരും. ശബരിമല ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യോഗത്തിനു ശേഷം സ്ഥിതിഗതികള്‍ നേരിട്ടു മനസിലാക്കുന്നതിനു സമിതി അംഗങ്ങള്‍ സന്നിധാനത്ത് സന്ദര്‍ശനം നടത്തും.

 

Exit mobile version